ബെംഗളൂരു: ഭിന്നശേഷിക്കാരെ പരിഹസിച്ച് ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്ത് പ്രചരിപ്പിച്ച യൂട്യൂബറും റേഡിയോ ജോക്കിയും അറസ്റ്റില്‍. കര്‍ണാടക മടിക്കേരി സ്വദേശിയും ഉള്ളാള്‍ ഉപനഗരയില്‍ താമസക്കാരനുമായ രോഹന്‍ കാരിയപ്പ(29), ബംഗാള്‍ സ്വദേശിയും ബെംഗളൂരു എച്ച്.എ.എല്‍. മേഖലയില്‍ താമസക്കാരനുമായ ഷായാന്‍ ഭട്ടാചാര്യ(32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കര്‍ണാടക ബധിര-മൂക അസോസിയേഷന്‍ അധ്യക്ഷന്‍ കെ.എച്ച്.ശങ്കറിന്റെ പരാതിയിലാണ് നടപടി. റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നയാളാണ് ഷായാന്‍ ഭട്ടാചാര്യ. നേരത്തെ റേഡിയോ ജോക്കിയായിരുന്ന രോഹന്‍ നിലവില്‍ യൂട്യൂബറാണ്. ജൂണ്‍ 20-ന് രോഹന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിവാദ റീല്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരേ ഭിന്നശേഷിക്കാര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായതിന് പിന്നാലെയാണ് സംഘടന പരാതി നല്‍കിയത്.
വിവാദമായതോടെ രോഹന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഈ റീല്‍ ഡിലീറ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

