റീൽസും ഷോർട്സും ഒക്കെ ചെയ്യുന്നവർക്കായി പുതിയ ആപ്പ് അവതരിപ്പിച്ച് മെറ്റ. സൗജന്യമായി റീല്‍സ് വീഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന ആപ്പ് ടിക് ടോക്കിന്റെ കാപ്പ്കട്ട് ആപ്പിന് സമാനമായാണ് ഒരുക്കിയിരിക്കുന്നത്. ‘എഡിറ്റ്‌സ്’ എന്നാണ് ആപ്പിന്റെ പേര്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് ലഭ്യമാണ്.
യുഎസില്‍ ടിക് ടോക്കും കാപ്പ് കട്ടും നിരോധിക്കപ്പെട്ട ജനുവരിയിലാണ് മെറ്റ എഡിറ്റ്‌സ് ആപ്പ് ആദ്യം പ്രഖ്യാപിച്ചത്. ടിക് ടോക്ക് കുറച്ച് കാലം ഇന്ത്യയില്‍ ലഭ്യമായിരുന്നുവെങ്കിലും കാപ്പ് കട്ട് ഇന്ത്യയില്‍ എത്തിയിരുന്നില്ല. ടിക് ടോക്കിന് ഏറെ സ്വീകാര്യതയുണ്ടായിരുന്ന യുഎസില്‍ കാപ്പ് കട്ടിനും ആരാധകര്‍ ഏറെയായിരുന്നു. ഈ രണ്ട് ആപ്പുകളുടെയും അഭാവം ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് മെറ്റ നടത്തുന്നത്.
ഇന്‍സ്റ്റഗ്രാം എഡിറ്റ്‌സ് ആപ്പ് ഉപയോഗിച്ച് ഫോണിന്റെ ക്യാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ റീല്‍സ് ആക്കി മാറ്റാനും മെറ്റയുടെ മ്യൂസിക് ലൈബ്രറിയില്‍ നിന്ന് പാട്ടുകള്‍ ചേര്‍ക്കാനും സാധിക്കും. വാട്ടര്‍മാര്‍ക്കുകള്‍ ഇല്ലാതെ വീഡിയോ എക്‌സ്‌പോര്‍ട്ട് ചെയ്യാനുമാവും.
ഒരു വീഡിയോ എഡിറ്റിങ് ആപ്പിനെ പോലെ എളുപ്പം വീഡിയോ ക്ലിപ്പുകള്‍ കൈകാര്യം ചെയ്യാനാവുന്ന ലളിതമായ ഇന്റര്‍ഫെയ്‌സ് ആണ് ആപ്പിന്റെ സവിശേഷത. എഐ ഇമേജ് ജനറേഷന്‍ സംവിധാനവും മറ്റ് എഡിറ്റിങ് ടൂളുകളും ഇതില്‍ ലഭ്യമാണ്.
ഇന്‍സ്റ്റഗ്രാം ആപ്പിലെ എഡിറ്റിങ് സംവിധാനത്തിന്റെ പരിമിതികള്‍ മറികടക്കാനും പെയ്ഡ് സേവനങ്ങള്‍ നല്‍കുന്ന തേഡ് പാര്‍ട്ടി ആപ്പുകളുടെ ഉപയോഗം കുറച്ച് തങ്ങളുടെ തന്നെ ആപ്പിലേക്ക് ക്രിയേറ്റര്‍മാരെ എത്തിക്കാനും ഇതുവഴി മെറ്റയ്ക്ക് സാധിക്കും
