‘ലിവ് ഇൻ റിലേഷൻ ബന്ധങ്ങള്‍ രജിസ്റ്റർ ചെയ്യേണ്ടി വരും, 21 വയസിന് താഴെയുള്ളവരാണെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണം’; ; ഉത്തരാഖണ്ഡിൽ ഏകസിവിൽകോഡ് ബിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചത്. ബിൽ പാസായാൽ രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ കൊണ്ടുവരുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ഏകീകൃത സിവിൽ കോഡ് നിയമമാകുന്നതോടെ ലിവിംഗ് ടുഗദർ പങ്കാളികൾ ജില്ലാ അധികാരികളിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ ഇരുപത്തിയൊന്ന് വയസിന് താഴെയുള്ലവരാണെങ്കിൽ ഒരുമിച്ച് ജീവിക്കണമെങ്കിൽ മാതാപിതാക്കളുടെ സമ്മതം വേണം. പങ്കാളി സംസ്ഥാനത്തിന് പുറത്തുള്ലയാളാണെങ്കിലും രജിസ്ട്രേഷൻ നിർബന്ധമാണ്.

പങ്കാളി വിവാഹിതനാണെങ്കിൽ അല്ലെങ്കിൽ മറ്റൊരു ബന്ധമുണ്ടെങ്കിൽ പങ്കാളിക്ക് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ, നിർബന്ധിച്ചോ വഞ്ചനയിലൂടെയോ പങ്കാളിയെ സമ്മതിപ്പിക്കുന്ന ലിവിംഗ് ബന്ധങ്ങളും രജിസ്റ്റർ ചെയ്യാൻ കഴിയില്ല.

ലിവിംഗ് റിലേഷനുമായി ബന്ധപ്പെട്ടുല്ല വിശദാംശങ്ങൾ സ്വീകരിക്കുന്നതിന് ഒരു വെബ്സൈറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. ലിവിംഗ് രജിസ്ട്രേഷൻ അധികൃതർ നിരസിക്കുകയാണെങ്കിൽ രജിസ്ട്രാർ അവനെ / അവളെ കാരണം അറിയിക്കണം.

രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ആ ബന്ധം അവസാനിപ്പിക്കണമെങ്കിൽ രേഖാമൂലമുള പ്രസ്താവന ആവശ്യമാണ്. അതിന് ഒരു ഫോർമാറ്റ് തയ്യാറാക്കും. ബന്ധം അവസാനിപ്പിക്കുന്നതിനുള്ല കാരണങ്ങൾ ബോധിപ്പിക്കണം. നിങ്ങൾ അറിയിക്കുന്ന കാരണങ്ങൾ ‘തെറ്റാണ്’ അല്ലെങ്കിൽ ‘സംശയാസ്പദമാണെന്ന്’ രജിസ്ട്രാർക്ക് തോന്നുന്നുവെങ്കിൽ പൊലീസിനെ അറിയിക്കും.

ലിവിംഗ് റിലേഷൻഷിപ്പ് സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ മൂന്ന് മാസം തടവോ ഇരുപത്തി അയ്യായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും. ലിവിംഗ് റിലേഷൻ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പരമാവധി ആറ് മാസം തടവോ ഇരുപത്തി അയ്യായിരം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ടിവരും.

ലിവിംഗ് ബന്ധങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികൾക്ക് നിയമപരമായ അംഗീകാരം ലഭിക്കും, അതായത്, അവർ ‘ദമ്പതികളുടെ’ നിയമാനുസൃത കുട്ടിയായിരിക്കും. വിവാഹിതരായ ആളുകൾക്ക് ജനിക്കുന്ന കുട്ടിയ്ക്ക് കിട്ടുന്ന എല്ലാ അവകാശങ്ങളും ഈ കുട്ടിയ്ക്കും ലഭിക്കും. ‘അവിഹിതം’ എന്ന് പറയാനാകില്ല. എല്ലാ കുട്ടികൾക്കും അനന്തരാവകാശം (മാതാപിതാക്കളുടെ സ്വത്ത് ഉൾപ്പെടെ) തുല്യമായിരിക്കും.

ലിവിംഗ് പങ്കാളി ഉപേക്ഷിച്ചാൽ സ്ത്രീയ്ക്ക് ക്ലെയിം നഷ്ടപരിഹാരം ലഭിക്കും. എല്ലാ പൗരന്മാർക്കും ബാധകമായ പൊതുനിയമമാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയവയ്ക്ക് മതത്തെ

അടിസ്ഥാനമാക്കിയുള്ല നിയമങ്ങൾ ഇല്ല. ബഹുഭാര്യത്വത്തിനും ശൈശവവിവാഹത്തിനും പൂർണ്ണമായ നിരോധനം ഏർപ്പെടുത്തും. എല്ലാ മതങ്ങളിലുമുള്ല പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കും.

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി നടത്തിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏകീകൃത സിവിൽ കോഡ്. ബി ജെ പി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: