Headlines

‘റോഡ് നിയമം പാലിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവ്’; കമ്പനികളുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : വാഹന ഇന്‍ഷുറന്‍സില്‍ ‘നോണ്‍-വയലേഷന്‍ ബോണസ്’ നല്‍കുന്ന കാര്യം ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച ചെയ്യാന്‍ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.

‘റോഡ് അപകടങ്ങള്‍ കുറഞ്ഞതുകൊണ്ട് ജീവന്‍ രക്ഷിക്കാനായതിനോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായി. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവര്‍ക്ക് പെനാല്‍റ്റിയും നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെടും. ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമ ലംഘന പിഴ തുക അടച്ചതായി ഉറപ്പുവരുത്താനും നിര്‍ദ്ദേശിക്കും.’ അപകടമുണ്ടായ ഉടനെ നല്‍കേണ്ട ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്മെന്റിന്റെ ചെലവുകള്‍ വഹിക്കുന്നതിനും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിശീലനം സംഘടിപ്പിക്കാനും റോഡരികുകളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനും ഇന്‍ഷുറന്‍സ് കമ്പനികളോട് അഭ്യര്‍ഥിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സെപ്തംബര്‍ മൂന്നാം വാരം ഇന്‍ഷുറന്‍സ് കമ്പനി മേധാവികളുടെയും ഐആര്‍ഡിഎ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

മെഡിക്കല്‍ കോളജുകളില്‍ അത്യാഹിത വിഭാഗങ്ങളില്‍ റോഡ് അപകടത്തോടനുബന്ധിച്ചുള്ള രോഗികളുടെ എണ്ണം എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതിനു ശേഷം ഗണ്യമായി കുറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: