തിരുവനന്തപുരം: പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു.
മലയാള സിനിമയ്ക്ക് ലോക സിനിമയുടെ മുൻപിൽ എന്നും അഭിമാനത്തോടെ ഉയർത്തിക്കാണിക്കാവുന്ന ഒരുപിടി മികച്ച സിനിമകൾ സംഭാവന ചെയ്ത അദ്ദേഹം ‘പിറവി’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അന്താരഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിൽ ശ്രദ്ധ നേടിയിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ‘ക്യാമറ ഡി ഓർ’ പുരസ്കാരവും പിറവി സ്വന്തമാക്കിയിരുന്നു. പ്രേക്ഷകരുടെ ഇരുകണ്ണുകളിലേക്ക് കാഴ്ചയുടെ സൂഷ്മതലങ്ങള്‍ പകര്‍ന്നു നല്‍കിയ ഛായാഗ്രാഹകനായായിരുന്നു തുടക്കം. ബ്ലാക്ക് ആന്‍റ് വൈറ്റ് സിനിമകളുടെ അവസാന റീലുകള്‍ ഓടിയ എഴുപതുകളുടെ അന്ത്യത്തിലാണ് ഷാജി എന്‍ കരുണിന്‍റെ ജീവിതം കളറാകുന്നത്.
തന്റെ ആദ്യസിനിമയുടെ പേരിട്ട (പിറവി) വഴുതക്കാട് ഉദാര ശിരോമണി റോഡിലെുള്ള വസതിൽ വെച്ചാണ് ഷാജി എൻ കരുൺ അന്ത്യശ്വാസം വലിച്ചത്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റാണ്.40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട് ഷാജി എൻ കരുൺ. ജി അരവിന്ദന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. കെ.ജി. ജോർജ്, എം.ടി. വാസുദേവൻ നായർ എന്നിവര്‌ക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു അദ്ദേഹം.
ഛായാഗ്രാഹകനെന്ന നിലയില്‍ ഷാജി എൻ കരുൺ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. തമ്പ് എന്ന അരവിന്ദൻ സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. 1979ലായിരുന്നു ഇത്. കാഞ്ചന സീത (1977), എസ്തപ്പാൻ (1981), ഒന്നു മുതൽ പൂജ്യം വരെ (1986) എന്നീ സിനിമകളിലെ ഛായാഗ്രഹണത്തിന് സംസ്ഥാന അവാർഡും ലഭിച്ചു. ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഷാജി എൻ കരുൺ. 2010ൽ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
