ബംഗാൾ ഇലക്ഷൻ അക്രമത്തിനിടെ ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്തു; വിരമിച്ച അധ്യാപകനായ ടിഎംസി നേതാവിന് ജീവപര്യന്തം തടവ്

ന്യൂഡൽഹി: ഒമ്പത് വയസ്സുകാരിയായ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും വിരമിച്ച അധ്യാപകനുമായ റഫീഖുൾ ഇസ്ലാമിന്‌ ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പശ്ചിമ ബംഗാളിലെ മാൾഡയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2021-ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുടെ ഭാഗമായി നടന്ന ബലാത്സംഗ കേസിലാണ് ശിക്ഷാവിധി. സിബിഐ ആണ് കേസ് അന്വേഷിച്ചത്.


2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പശ്ചിമ ബംഗാളിൽ വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. കൊലപാതകങ്ങൾക്കും കവർച്ചയ്ക്കും പുറമേ, പെൺകുട്ടികളും സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു. ആകെ 61 കൊലപാതക കേസുകളാണ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസുകളെല്ലാം കൽക്കട്ട ഹൈക്കോടതി സിബിഐക്ക് കൈമാറുകയായിരുന്നു.

സർക്കാർ സ്‌കൂളിൽനിന്ന് വിരമിച്ച അധ്യാപകൻ റഫീഖുൾ ഇസ്ലാമിനാണ് ജീവപര്യന്തം വിധിച്ചത്. ഇരയായ പെൺകുട്ടിയുടെയും 10 വയസ്സുള്ള കൂട്ടുകാരിയുടെയും ദൃക്‌സാക്ഷി മൊഴികളാണ് സിബിഐ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയത്.

അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പോക്‌സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376എബി വകുപ്പ് പ്രകാരവും റഫീഖുൾ ഇസ്ലാമിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായി സിബിഐ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

പ്രതിക്ക് 50,000 രൂപ പിഴയും ചുമത്തുകയും അതിജീവിതയ്ക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു. ‘വിചാരണ പൂർത്തിയാകുകയും ശിക്ഷാവിധിയിൽ എത്തുകയും ചെയ്ത, തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസാണിത്’ സിബിഐ വക്താവ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: