ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എ
രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.04 നാണ് സത്യപ്രതിജ്ഞ. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.
ഉപമുഖ്യമന്ത്രി അടക്കം അഞ്ചുപേരെങ്കിലും ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. കഴിഞ്ഞ സഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവും ദലിത് മുഖവുമായ മല്ലു ഭട്ടി വിക്രമാർകെ ഉപമുഖ്യമന്ത്രി ആയേക്കുമെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാവ് ഉത്തം കുമാർ റെഡ്ഡിയും ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടുണ്ട്.
2014 ൽ രൂപീകൃതമായ തെലങ്കാന സംസ്ഥാനത്തിൻ്റെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയാണ് 56 കാരനായ രേവന്ത് റെഡ്ഡി. മൽകജ്ഗിരിയിൽ നിന്നുള്ള എംപി കൂടിയാണ് രേവന്ത് റെഡ്ഡി. സംസ്ഥാനം രൂപീകരിച്ചശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ കെ ചന്ദ്രശേഖര റാവുവായിരുന്നു മുഖ്യമന്ത്രി.
ബിജെപിയുടെ വിദ്യാർത്ഥി വിഭാഗമായ എബിവിപിയിലൂടെയാണ് രേവന്ത് റെഡ്ഡി പൊതുപ്രവർത്തനരംഗത്തേക്ക് വരുന്നത്. പിന്നീട് തെലുങ്കുദേശം പാർട്ടിയിൽ ചേർന്ന രേവന്ത്, 2017 ലാണ് കോൺഗ്രസിലെത്തിയത്. 119 അംഗ തെലങ്കാന നിയമസഭയിൽ 64 സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരം നേടിയത്. ഭരണകക്ഷിയായിരുന്ന ബിആർഎസ് 39 സീറ്റിലേക്ക് പിന്തള്ളപ്പെട്ടു.


