പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് മെയ് ഒന്നുമുതല്‍



തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം മെയ് ഒന്നുമുതല്‍ തന്നെ നടപ്പാക്കാന്‍ തീരുമാനിച്ച് ഗതാഗത വകുപ്പ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചിട്ടുണ്ട്. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചു. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്.

മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഇടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതില്‍ ഗ്രൗണ്ട് തയാറാക്കാനായില്ല. അതിനാല്‍ പുതിയ രീതിയില്‍ എങ്ങനെ ടെസ്റ്റ് നടത്താനാവുമെന്ന ആശയക്കുഴപ്പത്തിലാണ് എംവിഡി. ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിര്‍ത്തി പുറകോട്ട് എടുക്കുന്നതും ഉള്‍പ്പെട്ടതാണ് കാറിന്റെ ലൈസന്‍സ് എടുക്കാനുള്ള പുതിയ രീതി. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം ഗ്രൗണ്ടില്‍ വേണം. സിഐടിയുവിന് കീഴിലെ ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കാന്‍ യൂണിയന്‍ നേതൃത്വം അറിയിക്കുകയായിരുന്നു. ഡ്രൈവിങ് പരിഷ്‌കരണം മരവിപ്പിക്കാന്‍ മന്ത്രി തയാറാവാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചത്.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവയ്ക്കുന്നുണ്ട്. അതേസമയം ഒരു ദിവസം 60ന് മുകളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയ എംവിഐമാരുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കി മന്ത്രിക്ക് കൈമാറി. ഇവരില്‍ നിന്ന് വിശദീകരണം തേടി നടപടിയെടുക്കാനാണ് സാധ്യത

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: