കണ്ണൂര്‍: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 9 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2005 ഒക്ടോബര്‍ മൂന്നിനാണ് റിജിത്ത് കൊല്ലപ്പെട്ടത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും. കേസില്‍ ആകെ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. കേസിൽ ബാക്കിയുള്ള ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് 29 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒപ്പം 59 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
2005 ഒക്ടോബറില്‍ രാത്രി ഒമ്പത് മണിയോടു കൂടിയാണ് റിജിത്തിനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുവരുന്ന സമയത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ച് മാരകായുധങ്ങളുമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ റിജിത്തിനെ ആക്രമിക്കുകയായിരുന്നു. സമീപത്തെ ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2005 ഒക്ടോബര്‍ രണ്ടാം തിയതി തര്‍ക്കമുണ്ടാവുകയും മൂന്നാം തിയതി റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിജിത്ത് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ആ സമയത്ത് ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്ന നികേഷ്, വികാസ്, വിമല്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

