Headlines

റോഡുകള്‍ നിസ്‌കാരത്തിനുളളതല്ല, അച്ചടക്കം ഹിന്ദുക്കളില്‍ നിന്ന് പഠിക്കണം: യോഗി ആദിത്യനാഥ്




ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തെരുവുകളില്‍ ഈദ്ഗാഹുകള്‍ വിലക്കിയ സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡുകള്‍ നിസ്‌കാരത്തിനുള്ളതല്ലെന്നും ഗതാഗതത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുമതവിഭാഗക്കാര്‍ ഹിന്ദുക്കളില്‍ നിന്ന് അച്ചടക്കം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയോടനുബന്ധിച്ച് എവിടെയും തീവെപ്പോ കൊള്ളയടിയോ ആക്രമണങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. അവിടെ പങ്കെടുത്ത ഹിന്ദുക്കളില്‍ നിന്ന് മറ്റുള്ളവര്‍ മതപരമായ അച്ചടക്കം പഠിക്കണമെന്ന് അദ്ദേഹം മുസ്ലീങ്ങളോട് പറഞ്ഞു.

വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നവര്‍ക്കെതിരെയും യോഗി രംഗത്തെത്തി. വഖഫ് ബോര്‍ഡുകള്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെയും സര്‍ക്കാര്‍ സ്വത്ത് തട്ടിയെടുക്കുന്നവരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്നും അവര്‍ മുസ്ലീങ്ങളുടെ ക്ഷേമത്തിനായി കാര്യമായൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പരിഷ്‌കരണം കാലഘട്ടത്തിന്റെ ആവശ്യമാണ്, മുസ്ലീങ്ങള്‍ക്ക് ഇത് ഗുണകരമാകുമെന്ന് വിശ്വസിക്കുന്നതായും യോഗി കൂട്ടിച്ചേര്‍ത്തു.



സംസ്ഥാനത്തെ മുസ്ലീം ജനവിഭാഗങ്ങളോട് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ യാതൊരു വിവേചനവും കാണിക്കുന്നില്ല. സംസ്ഥാനത്തെ ജനസംഖ്യയുടെ 20 ശതമാനമാണ് മുസ്ലീങ്ങള്‍, എന്നാല്‍ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ അവരുടെ പങ്ക് 35-40 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. വിവേചനത്തിലോ പ്രീണനത്തിലോ താന്‍ വിശ്വസിക്കുന്നില്ല.’ഞങ്ങള്‍ എപ്പോഴും പ്രീണനത്തില്‍ നിന്ന് സ്വയം അകന്നു നില്‍ക്കുന്നു. ഇന്ത്യയിലെ എല്ലാവര്‍ക്കും സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കണം,’ അദ്ദേഹം പറഞ്ഞു


തന്റെ ‘ബുള്‍ഡോസര്‍ മാതൃക’ ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളും സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കാനും കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനും ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഇത് എങ്ങനെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താമെന്ന് തങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തതായും അദ്ദേഹം അവകാശപ്പെട്ടു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: