ഷാഹി കബീർ സംവിധാനം ചെയ്ത് ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് റോന്ത്. ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് റോന്ത്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ഒടിടി റിലീസിനൊരുങ്ങുകയാണ് റോന്ത്. ജൂലൈ 22 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
രണ്ട് പൊലീസുകാരുടെ ഔദ്യോഗിക ജീവിതത്തിലൂടേയും വ്യക്തി ജീവിതത്തിലൂടേയും സഞ്ചരിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് റോന്ത്. യോഹന്നാന്‍ എന്ന പരുക്കനായ പൊലീസ് കഥാപാത്രമായി ദിലീഷ് പോത്തന്‍ എത്തുമ്പോള്‍ ദിന്‍നാഥ് എന്ന പൊലീസ് ഡ്രൈവറെയാണ് റോഷന്‍ അവതരിപ്പിക്കുന്നത്. ഒരു രാത്രി പട്രോളിങ്ങിനിറങ്ങുന്ന ഈ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്. ജോസഫിനും ഇലവീഴാപൂഞ്ചിറക്കും മനോഹരമായ ദൃശ്യഭാഷ ഒരുക്കിയ മനേഷ് മാധവനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം.
സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനില്‍ ജോണ്‍സണ്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. അന്‍വര്‍ അലി ആണ് ഗാനരചന.
