Headlines

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂമന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; മകന് വനംവകുപ്പിൽ ജോലിയും നൽകും

വയനാട്: വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂമൻ മാരൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് വയനാട് വന്യജീവി സങ്കേതം അസിസ്റ്റൻറ് കൺസർവേറ്റർ എം. ജോഷിൽ അറിയിച്ചു. ആറ് ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസികൾക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് തുകയും ലഭ്യമാക്കും. മകന് വനം വകുപ്പിൽ താത്ക്കാലിക ജോലി നൽകും. ഏത് കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കും. കൂടുവെച്ച് പിടികൂടുന്നതടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും ജോഷിൽ പറഞ്ഞു.

കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്. പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് അപകടം. കബനിയിലേക്ക് ഒഴുകിപോകുന്ന കന്നാരം പുഴയുടെ അരികിലാണ് സംഭവം. കടുവയുടെ പ്രജനന സമയമാണിത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസം മുമ്പ് പച്ചിലക്കാട് നിന്ന് കടുവയെ കണ്ടെത്തുകയും കാട് കയറ്റുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷവും വയനാട്ടിൽ കടുവ ആക്രമത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.വയനാടിൻ്റെ വിവിധ മേഖലയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വയനാട് പച്ചിലക്കാട് ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കാടു കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. പാതിരി വനമേഖലയിലേക്കാണ് കടുവ കയറിയത്. വനമേഖലയിൽ നിരീക്ഷണം തുടരുമെന്നും നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമില്ലെന്നാണ് ഡിഎഫ്ഒ അജിത് കെ.രാമൻ പറഞ്ഞത്.കടുവയുടെ കാൽപാട് കണ്ട ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കടുവ കാടുകയറിയതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മേഖലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങൾ ഇതി തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: