സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്കിലെത്തിച്ചു: ആര്‍ ബിന്ദു

തിരുവനന്തപുരം:സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. 731 പേര്‍ക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യന്‍സി അവാര്‍ഡായി അനുവദിച്ചത്.

2023 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി /പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ ഐ.സി.എസ്.സി.) പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരം 5,000/ രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കിയത്.

പ്ലസ് ടു ജനറല്‍ വിഭാഗത്തിലെ 167 പേര്‍ക്കും, പ്ലസ് ടു ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 146 പേര്‍ക്കും, എസ്.എസ്.എല്‍.സി ജനറല്‍ വിഭാഗത്തിലെ 176 പേര്‍ക്കും, എസ്.എസ്.എല്‍.സി ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 242 പേര്‍ക്കുമായി ആകെ 731 വിദ്യാര്‍ത്ഥികള്‍ക്കാണ് തുക നല്‍കിയത്.

വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. പൊതു വിഭാഗത്തില്‍ ബി ഗ്രേഡ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഗ്രേഡ് നേടിയവര്‍ക്കും ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ പാസ്സായവര്‍ക്കുമാണ് പ്രൊഫിഷ്യന്‍സി അവാര്‍ഡ് നല്‍കുന്നത്.അര്‍ഹരായ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2347768, 9497281896 നമ്പറുകളില്‍ ബന്ധപ്പെടാം മന്ത്രി ഡോ. ആര്‍ ബിന്ദു വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: