മോസ്കോ: കാൻസറിനെ ചെറുക്കാൻ റഷ്യ വാക്‌സിൻ വികസിപ്പിച്ചതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇതൊരു എംആർഎൻഎ വാക്‌സിൻ ആണെന്നും രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യൻ ആരോഗ്യമന്ത്രാലയം റേഡിയോളജി മെഡിക്കൽ റിസർച്ച് സെന്റർ ഡയറക്ടർ ജനറൽ അറിയിച്ചു.
നിരവധി റിസർച്ച് സെന്ററുകളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത വാക്സിൻ 2025 തുടക്കത്തിൽ വിതരണം ചെയ്യും. വാക്സിൻ ട്യൂമർ വളർച്ച തടയുന്നതിനെപ്പം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കാൻസർ സെല്ലുകൾ പടരുന്നത് ഇല്ലാതാക്കുമെന്നും പ്രീ ക്ലിനിക്കൽ ടെസ്റ്റിൽ തെളിഞ്ഞെന്നും ഗാമലേയ ദേശീയ റിസർച്ച് സെന്റർ ഓഫ് എപിഡെമിയോളജി ആന്റ് മൈക്രോബയോളജി ഡയറക്ടർ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.
രാജ്യം കാൻസർ വാക്സിൻ നിർമ്മിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഈ വർഷത്തിന്റെ തുടക്കത്തിൽ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
