തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദ കുമാര്‍ റിമാന്‍ഡില്‍. ആനന്ദ കുമാര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആനന്ദ കുമാര്‍ ചികിത്സയില്‍ തുടരും. ആരോഗ്യനില മെച്ചപ്പെട്ട ശേഷമായിരിക്കും ജയിലിലേയ്ക്ക് മാറ്റുക.
പകുതിവില തട്ടിപ്പ് കേസില്‍ ഇന്നലെയാണ് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നടപടി. ആനന്ദ കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ആനന്ദ കുമാറിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ആനന്ദ കുമാര്‍ ദേശീയ ചെയര്‍മാനായ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആനന്ദ കുമാറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. മുഖ്യപ്രതിയായ അനന്തുകൃഷ്ണനില്‍ നിന്ന് ആനന്ദ കുമാര്‍ ഓരോ മാസവും പണം കൈപ്പറ്റിയിരുന്നു. ആനന്ദ കുമാറിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ജിഒ ഫെഡറേഷന്‍ രൂപീകരിച്ചതെന്ന് അനന്തുകൃഷ്ണന്‍ പറഞ്ഞിരുന്നു. തൊടുപുഴ സ്വദേശിയായ അനന്തുകൃഷ്ണന്‍ മാത്രമല്ല തട്ടിപ്പിന് പിന്നിലെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സംഭവത്തിന് പിന്നിലെ ബുദ്ധി കേന്ദ്രം ആരാണെന്നും ആസൂത്രണം നടത്തിയത് ആരെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നേരത്തേ പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആനന്ദ കുമാറിനെ പ്രതി ചേര്‍ത്തിരുന്നു. മൂവാറ്റുപുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ഇയാള്‍ മുഖ്യപ്രതിയാകുമെന്നാണ് വിവരം.