കൊച്ചിയിൽ ആഡംബര ഹോട്ടലിൽ ലഹരിവസ്തുക്കളുമായി മൂന്നുപേർ അറസ്റ്റിൽ. കൊല്ലം ഓച്ചിറ സ്വദേശി റിജു ഇബ്രാഹിംകുട്ടി (41), കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു (32), തലശ്ശേരി ധർമടം സ്വദേശി കെ.മൃദുല (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ മുൻ നിർത്തി ലഹരി വിൽപന നടത്തുന്ന സംഘം ലഹരി വിൽപ്പനയ്ക്കായി ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ലഹരിവസ്തുക്കൾ അളക്കാനുള്ള ഡിജിറ്റൽ മെഷീനും ഇവരുടെ കൈയിൽ നിന്ന് പിടികൂടി.
ഓച്ചിറ സ്വദേശിയായ റിജുവിനെതിരെ ഇതിനു മുൻപും സംസ്ഥാനത്ത് പലയിടത്തും കേസുകളുണ്ട്. ഡിനോ ബാബുവിനെതിരെ മരട് പൊലീസ് സ്റ്റേഷനിൽ ലഹരിമരുന്നു കേസും മൂവാറ്റുപുഴ, കോതമംഗലം സ്റ്റേഷനുകളിൽ വഞ്ചനാക്കുറ്റത്തിനും കേസുകളുണ്ട്.
