ഷൊർണൂർ: കരിമ്പുഴ ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്കു മിനിലോറിയിൽ കൊണ്ടുപോകുംവഴി 270 കിലോഗ്രാം ചന്ദനമരത്തടികളുമായി രണ്ടുപേരെ പിടികൂടി വനംവകുപ്പ്. പെരുമ്പാവൂർ അല്ലപ്ര ചുറപ്പുള്ളി മുഹമ്മദ്കുഞ്ഞ് (59), മകൻ നിസാർ (36) എന്നിവരെയാണ് അകമലയിൽനിന്നു ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് എത്തി പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കരിമ്പുഴയിൽനിന്നാണ് ചന്ദനം ലഭിച്ചതെന്ന് ഇരുവരും മൊഴിനൽകിയതായി ഉദ്യോഗസ്ഥർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് ഷൊർണൂരിലേക്ക് കൈമാറി. മുഹമ്മദ്കുഞ്ഞും നിസാറും ചന്ദനക്കടത്തുസംഘത്തിലെ കണ്ണികളാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവർക്ക് ചന്ദനം നൽകിയതു കരിമ്പുഴ സ്വദേശിയാണെന്നും വകുപ്പിന്റെ തിരുവാഴിയോട് സെക്ഷൻ പരിധിയിൽനിന്നാണു ചന്ദനമരങ്ങൾ മുറിച്ചെടുത്തതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പറയുന്നു. സ്വകാര്യവ്യക്തികളുടെ സ്ഥലത്തുള്ള ചന്ദനമരം മുറിച്ചുകടത്തിയതായാണ് കരുതുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇരുവരും മുമ്പും ചന്ദനം കടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായും പറയുന്നു. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചോഫീസർ ജിയാസ് ജമാലുദ്ദീൻ ലബ്ബ, സെക്ഷൻ ഫോറസ്റ്റോഫീസർ വി. താരുഷ്, ബീറ്റ് ഓഫീസർമാരായ കെ.കെ. പ്രഭാത്, സി.എൽ. അശ്വന്ത് എന്നിവർ തുടരന്വേഷണം നടത്തി
