പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ആക്രിക്കടയുടെ മറവിൽ നടത്തിയിരുന്നത് ചന്ദനക്കടത്ത്. 200 കിലോ ചന്ദനമാണ് അന്വോഷണ സംഘം പിടികൂടിയത്. വനംവകുപ്പും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 50 പെട്ടികളിലും ചാക്കുകളിലുമായി ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു ചന്ദനം. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാണിയംകുളത്താണ് ആക്രി കട പ്രവർത്തിച്ചിരുന്നത്. പുറമേ നിന്ന് നോക്കിയാൽ ആർക്കും സംശയമൊന്നും തോന്നാത്ത വിധത്തിലായിരുന്നു പ്രവർത്തനങ്ങൾ. ആക്രി സാധനങ്ങൾ പലയിടത്ത് നിന്നായി ശേഖരിച്ച് സൂക്ഷിക്കുന്നു, പിന്നീട് പുറത്തേക്ക് കൊണ്ടുപോയി വിൽക്കുന്നു ഇതായിരുന്നു അവരുടെ രീതി.
ആക്രി കടയുടെ അകത്ത് ഷെഡിലാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. 50 പെട്ടികളിലും ചാക്കുകളിലുമായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ചന്ദനം. ഇപ്പോൾ ഒരാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ സംഭവത്തിന് പിന്നിൽ വൻസംഘമാണ് പ്രവർത്തിക്കുന്നതെന്ന വിലയിരുത്തലിലാണ് അധികൃതർ. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ പേർ കുടുങ്ങാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

