കൊച്ചി: വായ്പാ കുടിശ്ശികയുടെ പേരില്‍ ജപ്തി ചെയ്ത വീടിന്റെ ബാധ്യത തീര്‍ക്കാന്‍ പറവൂര്‍ വടക്കേക്കര സ്വദേശി സന്ധ്യ ഇന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണമടയ്ക്കും. കുടിശ്ശിക തീര്‍ക്കാനുള്ള 8.25 ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ രാത്രി ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ സ്വരാജ് നേരിട്ടെത്തി സന്ധ്യക്ക് കൈമാറിയിരുന്നു. ഫിക്സഡ് ഡെപ്പോസിറ്റായി 10 ലക്ഷം രൂപയും സന്ധ്യക്ക് ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്. സന്ധ്യയുടെ അക്കൗണ്ടിലേക്ക് സുമനസ്സുകളായിട്ടുള്ളവരും സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു 2019ല്‍ ഇവര്‍ നാലുലക്ഷം രൂപ വായ്പയെടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനാല്‍ സന്ധ്യയ്ക്ക് തുക തിരിച്ചടക്കാന്‍ സാധിച്ചില്ല. നാല് തവണ മുന്നറിപ്പ് നല്‍കിയിട്ടും തുക തിരിച്ചടക്കാത്തതു കൊണ്ടാണ് നടപടിയുമായി മുന്നോട്ട് പോയതെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
തിങ്കളാഴ്ച രാവിലെയാണ് അധികൃതര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബാങ്ക് അധികൃതര്‍ സന്ധ്യയുടെ വീട്ടിലെത്തി താഴ് തകര്‍ത്ത് പുതിയ താഴിട്ട് പുട്ടുകയായിരുന്നു. ജപ്തി ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. സന്ധ്യ പറവൂരിലെ ഒരു ടെക്‌സ്‌റ്റൈല്‍സില്‍ ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു ജപ്തി. കുട്ടികള്‍ സ്‌കൂളിലുമായിരുന്നു.
സംഭവമറിഞ്ഞ് സ്‌കൂളില്‍നിന്ന് കുട്ടികളെയും കൂട്ടി സന്ധ്യ വീട്ടിലെത്തി. സന്ധ്യയുടെയും മക്കളുടെയും വസ്ത്രങ്ങളും കുട്ടികളുടെ മരുന്നും മറ്റു വസ്തുക്കളും വീടിന്റെ അകത്തായിരുന്നു. പോകാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ രാത്രിവരെ വീടിന് പുറത്തുതന്നെ ഇരുന്നിരുന്നു. ഒടുവില്‍ ലുലു ഗ്രൂപ്പ് പണം നല്‍കുമെന്നറിയിച്ചതോടെ ഇന്നലെ രാത്രിയോടെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ എത്തി വീട് തുറന്ന് നല്‍കി. സന്ധ്യയും മക്കളും വീട്ടിലേക്ക് തിരികെ പ്രവേശിച്ചു. ഇന്ന് ബാങ്കില്‍ പണമടച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

