റിയാദ്: സൗദി അറേബ്യയിൽ പല ഭാഗങ്ങളിലും താപനില ഉയരുന്നതിനിടെ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശങ്ങൾ നൽകി.
മക്ക മേഖലയിൽ മിതമായതോ കനത്തതോ ആയ മഴയ്ക്കും ആലിപ്പഴം പൊഴിയുന്നതിനും ശക്തമായ കാറ്റ് വീശുന്നതിനും സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. റിയാദിൽ മിതമായതോ കനത്തതോ ആയ മഴയും ശക്തമായ കാറ്റും ഉണ്ടാകും. തെക്ക് പടിഞ്ഞാറൻ മേഖലയിലെ നജ്‌റാനിൽ നേരിയ മഴ പ്രതീക്ഷിക്കാം. മദീന, അൽ ബഹ, അസീർ, ജസാൻ, സെൻട്രൽ ഖാസിം, ഹായിൽ, വടക്കൻ അതിർത്തികൾ, കിഴക്കൻ പ്രവിശ്യ എന്നിവയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്.
