സ്‌കൂളിലെ സാമ്പാർ ചെമ്പിൽ വീണ് ഗുരുതരമായി പരുക്കേറ്റ രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മഹന്തമ്മ ശിവപ്പ(7) ആണ് മരിച്ചത്. സ്കൂളിലെ അടുക്കളയിൽ ഉച്ച ഭക്ഷണത്തിനായി തയ്യാറായിയ സാമ്പാർ ചെമ്പിലേക്ക് വിദ്യാർഥിനി വീഴുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.

കൽബുറഗി ജില്ലയിലെ അഫ്സൽപൂർ താലൂക്കിലെ ചിൻംഗേര സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവമുണ്ടായത്. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തിൽ സാമ്പാർ ചെമ്പിലേക്ക് വീഴുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ ഉടൻ ചൗദാപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് തുടർ ചികിത്സയ്ക്കായി കൽബുറഗിയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി. ആരോഗ്യ നില വഷളായതോടെ ശനിയാഴ്ച കുട്ടിയെ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഞായറാഴ്ച പുലർച്ചെ 3.30ന് വിദ്യാർഥിനി മരിക്കുകയായിരുന്നു.

സംഭവത്തിൽ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ അമ്മ സംഗീത ശിവപ്പ നൽകിയ പരാതിയെ തുടർന്ന് സ്കൂളിലെ അടുക്കള ജീവനക്കാർ, സ്കൂൾ ഹെഡ്മിസ്ട്രസ്, ഉച്ച ഭക്ഷണ പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ, അഫ്സൽപൂർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ, അഫ്സൽപൂർ താലൂക്ക് പഞ്ചായത്ത് ഓഫീസർ, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഒരാളെ പുറത്താക്കിയെന്നും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: