മലപ്പുറം: പാർട്ടിയിലെ വിഭാഗീയതയും, സംസ്ഥാന ഭരണത്തോടുള്ള വിയോജിപ്പും മൂലം പൂക്കോട്ടൂരിലെ സി.പി.ഐയിൽ കൂട്ടരാജി. പൂക്കോട്ടൂർ ലോക്കൽ കമ്മറ്റിക്ക് കീഴിലെ 50 മെമ്പർമാരും പാർട്ടിയിൽ നിന്നും രാജിവെച്ചതായി നേതാക്കൾ അറിയിച്ചു. പൂക്കോട്ടൂർ ലോക്കൽ കമ്മറ്റിയും, പുല്ലാര, വള്ളുവമ്പ്രം, മുസ്‌ലിയാർ പീടിക, കക്കടംമൽ ബ്രാഞ്ചുകളും പിരിച്ച് വിട്ടു. സി.പി.ഐ മലപ്പുറം മണ്ഡലം കമ്മറ്റിയിലുള്ള കടുത്ത വിഭാഗീയതയും രാജിക്ക് കാരണമായി.
പാർട്ടി ഓഫീസുകളുടെ ബോർഡുകളും എടുത്ത് മാറ്റി. നേരിടുന്ന വിഷയങ്ങളിൽ സംസ്ഥാന കമ്മറ്റിക്ക് ഉൾപെടെ പരാതി നൽകിയിട്ടും പരിഹാരം ഇല്ലാത്തതിനലാണ് രാജിവെച്ചതെന്നും നേതാക്കാൾ പറഞ്ഞു.
ഇടതുപക്ഷ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കനാണ് രാജിവെച്ചവരുടെ തീരുമാനം. അതേസമയം പാർട്ടിയിലെ പ്രദേശിക പ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നും ഇത് പരിശോധിക്കുമെന്നും സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പറഞ്ഞു.

