ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തില്‍ സുരക്ഷാ വീഴ്ച. മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.
രാവിലെ 6.30 ഓടെയാണ് സംഭവം. മതിലിന് സമീപമുണ്ടായിരുന്ന മരത്തിലൂടെയാണ് ഇയാള്‍ പാര്‍ലമെന്റിലേക്ക് കടന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
റെയില്‍ ഭവന്റെ ഭാഗത്തുനിന്ന് ഇയാള്‍ മതില്‍ ചാടിക്കടന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഗരുഡ് ഗേറ്റിലെത്തി. ഇതുകണ്ട പാര്‍ലമെന്റിനുള്ളില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഒരാള്‍ മതില്‍ ചാടിക്കടന്ന് പാര്‍ലമെന്റ് അനക്‌സ് വളപ്പില്‍ പ്രവേശിച്ചു. ഇയാളെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി. എന്നാല്‍ പരിശോധനത്തില്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല.
അതേസമയം, പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ജൂലൈ 21ന് ആരംഭിച്ച സമ്മേളനം ഓഗസ്റ്റ് 21 വരെയുണ്ടായിരുന്നു. സമ്മേളനത്തില്‍ 21 സിറ്റിങ്ങുകള്‍ നടത്തിയതായും 37 മണിക്കൂര്‍ 7 മിനിറ്റ് നടപടികള്‍ക്കായും മാറ്റിവെച്ചിരുന്നതായി ലോക്‌സഭ സെക്രട്ടേറിയേറ്റ് അറിയിച്ചു
