തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം സംസ്ഥാനത്ത് സുതാര്യവും നീതിപൂർവവുമായി നടത്താൻ സാധിച്ചില്ലെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.വോട്ടെടുപ്പ് നടത്തിപ്പിൽ ഉണ്ടായ ഗുരുതരമായ വീഴ്ചകളെ പറ്റി അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. രണ്ട് വോട്ടുകൾക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. കനത്ത ചൂടിൽ മണിക്കൂറുകളോളം വോട്ട് ചെയ്യാൻ കാത്തുനിന്നിട്ട് നിരവധിപേർ വെറുതെ മടങ്ങിപോകുകയാണ് ഉണ്ടായത്.
വൈകീട്ട് ആറ് മണിക്ക് മുമ്പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്സ് പട്ടിക പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടു.
തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ ബൂത്തുകളില്‍ വോട്ടിങ്ങ് മന്ദഗതിയിലായ സംഭവത്തില്‍ വിവിധ യുഡിഎഫ് നേതാക്കള്‍ വ്യാപക ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

