സെറ്റ് ഓൺലൈൻ രജിസ്ട്രേഷൻ 28 മുതൽ



             

തിരുവനന്തപുരം : ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (SET JULY 2025) www.lbscentre.kerala.gov.in -ൽ ഓൺലൈനായി ഏപ്രിൽ 28 മുതൽ രജിസ്റ്റർ ചെയ്യാം. 25/04/2025 ലെ സർക്കാർ ഉത്തരവ് G.O.(Rt) No.2875/2025/GEDN പ്രകാരം എൽബിഎസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയെയാണ് സെറ്റ് പരീക്ഷ നടത്തുവാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രോസ്‌പെക്ടസും, സിലബസും എൽ.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡുമാണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവ് ഉണ്ട്.

ജനറൽ ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1300 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 750 രൂപയും ഓൺലൈനായി അടയ്ക്കണം. പി.ഡബ്ലിയു.ഡി. വിഭാഗത്തിലുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗത്തിലുള്ളവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2024 ഏപ്രിൽ 29 നും 2025 ജൂൺ 4 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം. പി.ഡബ്ലിയു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം ജൂൺ 2ന് മുമ്പ് തിരുവനന്തപുരം എൽ പി എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയക്കണം.

ഓൺലൈൻ രജിസ്‌ട്രേഷനുള്ള അവസാന തീയതി 2025 മേയ് 28 ന് 5 മണി. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: