ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏഴ് ആംആദ്മി പാർട്ടി എംൽഎമാർ രാജിവെച്ചു. രാജിവെച്ചവരിൽ അഞ്ച് എംൽഎമാർക്ക് ഇത്തവണ മത്സരിക്കാൻ അവസരം നൽകിയിരുന്നില്ല. ഇതാണ് ഇവർ പാർട്ടി വിടാൻ കാരണമായതെന്നാണ് കരുതപ്പെടുന്നത്.
കെജ്രിവാളിലും അദ്ദേഹത്തിന്റെ പാർട്ടിയിലും വിശ്വാസം നഷ്ടപ്പെട്ടുവെന്ന് രാജിവെച്ച എം.എൽ.എമാരിൽ ഒരാളായ ഭാവന ഗൗർ പറഞ്ഞു. ”പാർട്ടിയിലും നേതാക്കളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാൽ അംഗത്വം രാജിവെക്കുകയാണ്. ഇത് രാജിക്കത്തായി പരിഗണിക്കണം”-എന്നാണ് ഭാവന കൗർ എ.എ.പിക്ക് നൽകിയ കത്തിൽ പറയുന്നത്.
റോഹിത് മെഹ്റോലിയ, രാജേഷ് ഋഷി, മദൻ ലാൽ, നരേഷ് യാദവ് എന്നിവരും പാർട്ടി അംഗത്വം രാജിവെച്ചു. പവൻ ശർമ, ബി.എസ്. ജൂൺ എന്നിവരാണ് എ.എ.പി അംഗത്വം രാജിവെച്ച മറ്റ് എം.എൽ.എമാർ. ഫെബ്രുവരി അഞ്ചിന് ഡൽഹി നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എം.എൽ.എമാരുടെ കൂട്ടരാജി. ഫെബ്രുവരി 8ന് ഫലപ്രഖ്യാപനവുമുണ്ടാകും.