കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; 21 വയസുകാരിയുടെ പരാതിയിൽ ടെലിവിഷൻ താരം ബിനു ബി കമൽ റിമാൻഡിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് സഹയാത്രികയോട് ലൈംഗിക അതിക്രമം കാണിച്ച് അറസ്റ്റിലായ നടനും പ്രമുഖ ഹാസ്യതാരവുമായ ബിനു ബി കമൽ റിമാൻഡിൽ. തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ വച്ച് ആയിരുന്നു സംഭവം. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് നിലമേലിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറിയത്. ഇരുപത്തിയൊന്നുകാരിയായ കൊല്ലം സ്വദേശിനിയാണ് പരാതി നൽകിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരത്തു നിന്ന് നിലമേലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് പ്രതി ലെെംഗികാതിക്രമം കാട്ടിയതെന്നാണ് പെൺകുട്ടി പറയുന്നത്. തമ്പാനൂരിൽ നിന്ന് നിലമേലേക്ക് പോകാനാണ് പെൺകുട്ടി ബസ്സിൽ കയറിയത്. തമ്പാനൂരിൽ നിന്നും പുറപ്പെട്ട ബസ്സിൽ ഇടയ്ക്ക് സ്റ്റോപ്പിൽ വച്ച് പ്രതിയായ ടെലിവിഷൻ താരം ബസ്സിൽ കയറുകയായിരുന്നു. മറ്റു സീറ്റുകൾ ഒഴിഞ്ഞു കിടന്നു എങ്കിലും പെൺകുട്ടി ഇരിക്കുന്ന സീറ്റിൽ വന്ന് പ്രതി ഇരിക്കുകയും ചെയ്തു. തുടർന്ന് പല പ്രാവശ്യം പെൺകുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി അതിൽ നിന്നു ഒഴിഞ്ഞുമാറി ഫോണിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് വിവരം.

ബസ് വട്ടപ്പാറ ടൗണിൽ എത്തുന്ന അവസരത്തിലാണ് പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറിയത്. പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. പലതവണ പ്രതിയുടെ കൈകൾ പെൺകുട്ടി തട്ടിമാറ്റിയെങ്കിലും പ്രതി തന്റെ പ്രവർത്തനം തുടരുകയായിരുന്നു. വട്ടപ്പാറ ടൗണിൽ എത്തിയതോടെ പ്രതിയുടെ ചെയ്തികൾ അസഹനീയമായി മാറി ഇതോടെയാണ് പെൺകുട്ടി പ്രതികരിച്ചത്. `തനിക്ക് എന്താടോ കുഴപ്പം´ എന്ന് ചോദിച്ച് പെൺകുട്ടി പ്രതികരിച്ചതോടെ പ്രതിയായ ബിനു ബി കമൽ ബസ്സിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമം നടത്തി. ഇതിനിടെ ബസിലെ ബഹളം ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ താരത്തിനു പിന്നാലെ ഓടുകയായിരുന്നു.

വട്ടപ്പാറ ടൗണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും നാട്ടുകാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. ഇതിനിടെ പെൺകുട്ടി വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ എത്തി ബിനു ബി കമലിന് എതിരെ പരാതി നൽകുകയും ചെയ്തു. തുടർന്ന് പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

തൻ്റെ വെഞ്ഞാറമൂട്ടിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പ്രതിയായ ബിനു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. വെഞ്ഞാറമൂട് പിരപ്പൻകോട് സ്വദേശിയാണ് ബിനു. ടെലിവിഷനിലെ കോമഡി പരിപാടികളിലൊക്കെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന ബിനു മിമിക്രി വേദികളിലും സജീവമായിരുന്നു. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമഡി മത്സര പരിപാടിയിൽ ഒന്നാം സ്ഥാനം നേടിയ വിഐപി ടീമിലെ അംഗം കൂടിയായിരുന്നു ബിനു ബി കമൽ.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: