കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്ഐ- ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലാണ് സംഘർഷം. കഴിഞ്ഞ വർഷം നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഏറ്റുമുട്ടലിന് കാരണം. സംഭവത്തിൽ ഏഴ് ഫ്രറ്റേണിറ്റി പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു.
വൈകീട്ട് നാലോടെയാണ് സംഘർഷമുണ്ടായത്. കഴിഞ്ഞവർഷം നടന്ന തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന്റെ ഒരു സ്ഥാനാർഥി വിജയിച്ചിരുന്നു.
ഇത് ഫ്രറ്റേണിറ്റി പിന്തുണയോടെയാണെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇരു സംഘടനകളും തമ്മിൽ തർക്കങ്ങളും ഉണ്ടായി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
അധ്യാപകരുടെ മുന്നിൽ വച്ചും സ്റ്റാഫ് റൂമിന് സമീപത്തുവച്ചുമാണ് തങ്ങളെ മർദിച്ചതെന്ന് ഫ്രറ്റേണിറ്റി പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു
