കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷബ്‌നയുടെ ഭര്‍തൃപിതാവിന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. പ്രായം പരിഗണിച്ചാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അതേസമയം ഭര്‍ത്താവ് ഹബീബിന്റെയും ഭര്‍തൃസഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി . റിമാന്‍ഡിലുള്ള ഭര്‍തൃമാതാവ് നബീസ, അമ്മാവന്‍ ഹനീഫ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി.
ഭര്‍ത്താവിന്റെ അമ്മാവന്‍ മര്‍ദ്ദിച്ചതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഷബ്‌നയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്.
കേസില്‍ ഹനീഫയും ഭര്‍തൃമാതാവ് നബീസയുമാണ് ഇതുവരെ അറസ്റ്റിലായത്. ഭര്‍ത്താവ് ഹബീബ്, ഭര്‍തൃസഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഹനീഫ ഷബ്‌നയെ മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.
