Headlines

ഷാരോണ്‍ വധക്കേസ്: കുറ്റപത്രം റദ്ദാക്കണം, ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടിസ്


പാറശ്ശാല ഷാരോണ്‍ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടിസ്. ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി.

കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ വിചാരണയും അവിടെയാണ് നടത്തേണ്ടതെന്നും പരിഗണനയിലുള്ള അന്തിമ റിപ്പോര്‍ട്ടും കോടതിയും നിയമപരമായ വിചാരണ ഉറപ്പാക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. കേസിലെ മറ്റ് പ്രതികളായ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായര്‍ എന്നിവരാണ് മറ്റ് ഹര്‍ജിക്കാര്‍. 2022 ഓക്ടോബര്‍ 17ന് രാവിലെ കഷായം കഴിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മരണമൊഴിയില്‍ ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. ആദ്യം പാറശാല പൊലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു എത്തിച്ചേര്‍ന്നത്. എന്നാല്‍ പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷാരോണിനെ ഗ്രീഷ്മ വിഷം കൊടുത്ത് കൊല്ലുകയായിരുന്നെന്ന് കണ്ടെത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ സമ്മതിക്കുകയും ചെയ്തിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: