ഹോളിവുഡ് : 97-ാമത് ഓസ്‌കർ അവാർഡുകളിൽ തിളങ്ങുന്ന വിജയം നേടി ഷോൺ ബേക്കർ സംവിധാനം ചെയ് അനോറ. ന്യൂയോർക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന ചിത്രം അഞ്ച് പുരസ്കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച എഡിറ്റർ, മികച്ച നടി എന്നീ അവാർഡുകളാണ് അനോറ വാങ്ങിയത്. ഇതിൽ തിരക്കഥ, സംവിധാനം, എഡിറ്റർ പുരസ്കാരങ്ങൾ നേടിയത് ഷോൺ ബേക്കർ തന്നെയാണ്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസൺ മികച്ച നടിയായി
അഡ്രിയൻ ബ്രോഡി ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി. ഡാനിയൽ ബ്ലൂംബെർഗിലൂടെ മികച്ച സംഗീതത്തിനുള്ള പുരസ്കാരവും ചിത്രം നേടിയിട്ടുണ്ട്. മികച്ച ഛായഗ്രാഹകനുള്ള പുരസ്‌കാരവും ഈ ചിത്രത്തിനാണ്. വളരെ പ്രതീക്ഷയോടെ വന്ന കോൺക്ലേവിന് അഡപ്റ്റഡ് തിരക്കഥയുടെ പുരസ്കാരം മാത്രമാണ് ലഭിച്ചത്. ആഗോള ശ്രദ്ധ നേടിയ സബ്സറ്റൻസിന് മേയ്ക്കപ്പിനുള്ള പുരസ്‌കാരം മാത്രമാണ് ലഭിച്ചത്.
ഏറ്റവും കൂടുതൽ നോമിനേഷൻ കിട്ടിയ എമിലിയ പെരെസിന് സോയി സാൽഡാന വഴി സഹനടി പുരസ്‌കാരവും മികച്ച ഗാനത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രമായി ഐ ആം സ്റ്റിൽ ഹീയർ എന്ന ബ്രസീലിയൻ ചിത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പാലസ്തീൻ ഇസ്രയേൽ വിഷയം പറയുന്ന നോ അതർ ലാന്റ് ആണ് മികച്ച ഡോക്യുമെന്ററിയായി. ഒരു ഇസ്രയേൽ പാലസ്തീൻ സംയുക്ത നിർമ്മാണമാണ് ഈ ചിത്രം. ലാത്വനിയയിൽ നിന്നും ആദ്യമായി എത്തിയ ഫ്ലോ മികച്ച അനിമേഷൻ ചിത്രമായി. വിക്കെഡ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടി. ഇതോടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വർഗക്കാരനായി പോൾ ടേസ്വെൽ ചരിത്രം സൃഷ്ടിച്ചു.