തിരുവനന്തപുരം :എല്ലാ മേഖലയിലും തന്റേതായ കഴിവ് തെളിയിക്കുന്ന സ്ത്രീകളുള്ള നാടായി കേരളം വളരട്ടെ. ഇതിനു മുന്നോടിയായി പല മേഖലകളിലും വിജയക്കൊടി പാറിക്കുകയാണ് സ്ത്രീകൾ. തിരുവനന്തപുരത്തിലൂടെ കെഎസ്ആർടിസി ബസ് ഓടിക്കുന്ന ഷീന സാമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഇപ്പോൾ തിരുവനന്തപുരം നഗരത്തിലൂടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസോടിക്കുകയാണ് ഈ മിടുക്കി. ചുങ്കത്തറ പുലിമുണ്ട സ്വദേശിനിയായ ഷീന സാം കേരളത്തിൽ ആദ്യമായി സ്വിഫ്റ്റ് ബസിൽ ഡ്രൈവറായി നിയമനം ലഭിച്ച 4 വനിതകളിൽ ഒരാളാണ്.
സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് ഒരു ദിവസം 224 കിലോമീറ്റർ ദൂരമാണ് ഓടിക്കുന്നത്. 16 മണിക്കൂർ ഡ്യൂട്ടിയാണ്. ഇഷ്ടപ്പെട്ട ജോലിയായതിനാൽ വളരെ സന്തോഷത്തോടെയാണ് ഇത് ചെയ്യുന്നതെന്ന് ഷീന പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ബൈക്കോടിച്ചാണ് ഡ്രൈവിങിനു തുടക്കം. പിന്നെ ജീപ്പായി. ഇതുകഴിഞ്ഞപ്പോൾ ഭർത്താവ് വാങ്ങിയത് ടിപ്പർ ലോറിയായിരുന്നു. ടിപ്പറും ഒന്നോടിച്ച് നോക്കിയാലോ എന്നൊരാഗ്രഹമുണ്ടായി.
വലിയ വാഹനമായതിനാൽ ബുദ്ധിമുട്ടാകുമെന്ന് കരുതിയെങ്കിലും ടിപ്പറും കൈകളിൽ ഭദ്രമായി. ഹെവി ലൈസൻസ് കരസ്ഥമാക്കിയപ്പോഴാണ് കെഎസ്ആർടിസിയിൽ അവസരം അറിഞ്ഞത്. നേരത്തേ എടക്കര മുപ്പിനിയിലെ ഡ്രൈവിങ് സ്കൂളിൽ ജോലി ചെയ്ത ഷീന ഒട്ടേറെ വനിതകൾക്കു ഡ്രൈവിങ് പരിശീലനം നൽകിയിട്ടുണ്ട്. ഭർത്താവ്: ജിൻസൻ ശാമുവൽ. മകൻ: ഹെയ്ഡൻ സാം ജിൻസൻ
