കോട്ടയത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന ക്രൂര റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം: കോട്ടയത്തെ സര്‍ക്കാര്‍ നഴ്‌സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന ക്രൂര റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ശരീരത്തില്‍ കോമ്പസ് കൊണ്ടു കുത്തി മുറിവേല്‍പ്പിക്കുകയും, പരിക്കുകളില്‍ ലോഷന്‍ പുരട്ടുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. വണ്‍, ടൂ, ത്രീ, ഫോര്‍ എന്നുപറഞ്ഞ് ശരീരത്തില്‍ കോമ്പസു കൊണ്ട് കുത്തുമ്പോള്‍ വിദ്യാര്‍ത്ഥി വേദന കൊണ്ട് അലറിക്കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

വിദ്യാര്‍ത്ഥി വേദന കൊണ്ട് കരയുമ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ പ്രതികള്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥി കരഞ്ഞു നിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിക്കുന്നു. വിദ്യാര്‍ത്ഥി കരയുന്നതിനിടെ ‘ഞാന്‍ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ത്ഥിയുടെ വയറില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതും വീഡിയോയില്‍ കാണാം.

ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകള്‍ അടുക്കിവെച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിദ്യാര്‍ത്ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും ‘സെക്സി ബോഡി’യെന്ന് പറഞ്ഞ് അവഹേളിക്കുന്നതും വീഡിയോയിലുണ്ട്. റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മൂന്നുമാസത്തോളമാണ് ഇവര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിച്ചത്

ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതിന് കോട്ടയം നഴ്‌സിങ് കോളജിലെ അഞ്ചു വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സീനിയര്‍ വിദ്യാര്‍ത്ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍ (20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ് (22), വയനാട് നടവയല്‍ സ്വദേശി ജീവ (18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത് (20), കോട്ടയം കോരുത്തോട് സ്വദേശി വിവേക് (21) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളിലൊരാള്‍ ഇടതു സംഘടനയായ കെജിഎസ്എന്‍എയുടെ ഭാരവാഹിയാണ്. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. സമഗ്ര അന്വേഷണം നടത്തി വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: