ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന നാല് ശങ്കരാചാര്യന്മാരുടെ തീരുമാനം ചര്‍ച്ചയാകുന്നതിനിടെ തീരുമാനത്തിനു പിന്നിലെ കാരണം വ്യക്തമാക്കി പുരി ശങ്കരാചാര്യ പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്. രാം ലല്ല വിഗ്രഹം സ്ഥാപിക്കുന്ന സമയത്തുള്ള സ്ഥാപിത പാരമ്പര്യങ്ങളിൽ നിന്നുള്ള വൃതിചലനമാണ് ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന തങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന് സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് പറഞ്ഞു. എഎൻഐക്ക് നൽകി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ശങ്കരാചാര്യന്മാർ സ്വന്തം അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഇത് ഒരു ഈഗോ പ്രശ്നമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുമ്പോൾ പുറത്ത് ഇരുന്ന് ഞങ്ങൾ കയ്യടിക്കണോ? പാരമ്പര്യത്തെ ഇല്ലാതാക്കുന്നതിനല്ല മതനിരപേക്ഷ സർക്കാർ നിലകൊള്ളേണ്ടത്’- സ്വാമി നിശ്ചലാനന്ദ സരസ്വതി പറഞ്ഞു. ഒഡീഷയിലെ ജഗന്നാഥപുരിയിലുള്ള ഗോവർദ്ധന പീഠത്തിന്റെ 145ാമത് ശങ്കരാചാര്യനാണ് സ്വാമി നിശ്ചലാനന്ദ സരസ്വതി. 1992 ഫെബ്രുവരി 9ന് ആണ് അദ്ദേഹം ചുമതലയേറ്റത്.
പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യന്മാർ നേരത്തെ അറിയിച്ചിരുന്നു. നിർമ്മാണം പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ശാസ്ത്ര വിധികൾക്ക് വിരുദ്ധമാണെന്ന നിലപാടാണ് ഉത്തരാഖണ്ഡിലെ ജ്യോതിർ മഠാധിപതി അവിമുക്തേശ്വരാനന്ദ് സരസ്വതിക്കും, പുരിയിലെ ഗോവർദ്ധന മഠാധിപതി നിശ്ചലാനന്ദ സരസ്വതിക്കുമുള്ളത്. നാല് ശങ്കരാചാര്യന്മാരും പങ്കെടുക്കില്ലെന്ന് അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് നേരത്തെ വ്യക്തമാക്കിയത്. തങ്ങൾ മോദിവിരുദ്ധരാണെന്ന് അതിനെ വ്യാഖ്യാനിക്കരുതെന്നും ചടങ്ങ് ശാസ്ത്രവിധിക്ക് വിരുദ്ധമായതിനാലാണ് പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചടങ്ങിൽ രാഷ്ട്രീയമുണ്ടെന്ന് പറഞ്ഞ പുരി ശങ്കരാചാര്യർ, പോകില്ലെന്നും ആവർത്തിച്ചിരുന്നു. എന്നാൽ ഗുജറാത്ത് ദ്വാരക ശാരദാപീഠം മഠാധിപതി സ്വാമി സദാനന്ദ് സരസ്വതിയും ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതി തീർത്ഥയും ചടങ്ങിനെ സ്വാഗതം ചെയ്തിട്ടുണ്ട്. 500 വർഷത്തെ പോരാട്ടത്തിന്റെ സമാപ്തിയെന്നും വിശേഷിപ്പിച്ചു. ശങ്കരാചാര്യന്മാരുടെ നിലപാടിൽ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. അപൂർണമായ ക്ഷേത്രത്തിലെ ചടങ്ങിൽ എതിർപ്പുള്ളതിനാലാണ് ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് കോൺഗ്രസ് പറഞ്ഞു.
