Headlines

പെണ്ണുകെട്ടാൻ ഇനി സിബിൽ സ്കോറും അനിവാര്യം; വരന് സിബിൽ സ്കോർ കുറഞ്ഞതോടെ വിവാഹത്തിൽ നിന്നും പിൻമാറി വധുവിന്റെ വീട്ടുകാർ



വിവാഹം നടത്തുമ്പോൾ ആധി മുഴുവൻ വധുവിന്റെ വീട്ടുകാർക്കായിരുന്നു. കെട്ടിച്ചുവിടുന്നതിനൊപ്പം നൽകേണ്ട തുക, സ്വർണം, സ്വത്തുകവകൾ എന്നിവയൊക്കെയാണ് പെണ്വീട്ടുകാരുടെ തലവേദന. എന്നാലിപ്പോൾ കാലം മാറിയപ്പോൾ എല്ലാം നേരെ തിരിച്ചായെന്ന അവസ്ഥയാണ്. ചെറുക്കന്റെ പേരിലുള്ള സ്വത്ത്, ബാങ്ക് ബാലൻസ് ഒക്കെയാണ് ഇപ്പോൾ എല്ലാവർക്കും അറിയേണ്ടത്. ഇതിനു സമാനമായ ഒരു സംഭവമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്നും റിപ്പോർട്ട് ചെയ്യന്നത്. വധുവിന്‍റെ കുടുംബം വിവാഹം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചതിന്റെ ഒരു കാരണം കേട്ടാൽ ചിലപ്പോൾ അത്ഭുതപ്പെട്ടേക്കാം. വരന് സിബിൽ സ്കോർ കുറവാണ് എന്ന കാരണത്താലാണത്രേ വധുവിന്‍റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറിയത്.


മഹാരാഷ്ട്രയിലെ മൂർതിസാപൂരിലാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വധു വരന്മാരും ഇരുവരുടെയും കുടുംബാംഗങ്ങളും പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം ഏതാണ്ട് പറഞ്ഞു ഉറപ്പിച്ചതിന് ശേഷമായിരുന്നു വധുവിന്‍റെ അമ്മാവന്മാരിൽ ഒരാൾ വരന്‍റെ സിബിൽ സ്കോർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. അതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

വരന് സിബിൽ സ്കോർ വളരെ കുറവായിരുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിന്‍റെ പേരിൽ വിവിധ ബാങ്കുകളിൽ നിന്നും ഒന്നിലധികം വായ്പകൾ ഉള്ളതായും അതോടെ പുറത്ത് വന്നു. മോശം ക്രെഡിറ്റ് ചരിത്രത്തെ സൂചിപ്പിക്കുന്നതാണ് കുറഞ്ഞ സിബിൽ സ്കോറുകൾ. അതുകൊണ്ട് തന്നെ വരൻ സാമ്പത്തികമായി അത്ര ഭേദപ്പെട്ട നിലയിൽ അല്ല എന്ന് വിധിയെഴുതിയ വധുവിന്‍റെ ബന്ധുക്കൾ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

വിവാഹത്തെ പൂർണമായും എതിർത്ത വധുവിന്‍റെ അമ്മാവൻ സാമ്പത്തിക ബുദ്ധിമുട്ടുകളാൽ വലയുന്ന പുരുഷൻ തന്‍റെ അനന്തരവൾക്ക് അനുയോജ്യനല്ല എന്ന് അഭിപ്രായപ്പെടുകയായിരുന്നു. ഭാവിയിൽ ഭാര്യയ്ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ അയാൾക്ക് കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. അതോടെ യുവതിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ആ അഭിപ്രായം അംഗീകരിച്ച് വിവാഹത്തിൽ നിന്നും പിന്മാറി. ഒരുപക്ഷേ ഇത് ആദ്യമായിരിക്കാം സിബിൽ സ്കോർ കുറഞ്ഞതിന്‍റെ പേരിൽ ഒരാളുടെ വിവാഹം മുടങ്ങി പോകുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: