ഇന്ന് നിശബ്ദ പ്രചാരണം; പുതുപ്പള്ളിയിൽ വോട്ടെടുപ്പ് നാളെ; ഏഴ് സ്ഥാനാർഥികൾ, 1,76,417 വോട്ടർമാർ

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് ആറിന് അവസാനിച്ചു. ഇനി നിശബ്ദപ്രചാരണമാണ്. ജെയ്ക്ക് സി തോമസ്, ചാണ്ടി ഉമ്മൻ, ലിജിൻ ലാൽ അടക്കം ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരുണ്ട്. 957 പുതിയ വോട്ടർമാരുണ്ട്.
കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതലാണ് വോട്ടെണ്ണൽ നടക്കുന്നത്. മൊത്തം 20 ടേബിളുകളിലായാണ് കൗണ്ടിങ് നടക്കുക. 14 വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് ടേബിളുകളിൽ തപാൽ വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. എണ്ണും. 13 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണലിന് 74 ഉദ്യോഗസ്ഥൻമാരെ നിയോഗിച്ചിട്ടുണ്ട്.

വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ഏഴിന് കോട്ടയം ബസേലിയോസ് കോളജിൽ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥരെ സ്ട്രോങ് റൂം പ്രവർത്തിക്കുന്ന ബസേലിയസ് കോളജിൽ നിന്ന് പോളിംഗ് ബൂത്തുകളിൽ എത്തിക്കുന്നതിനായി 54 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 228 വീതം കൺട്രോൾ, ബാലറ്റ് യൂണിറ്റുകളുടെയും വി.വി പാറ്റുകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവ കൂടാതെ 19 വി.വി പാറ്റുകൾ കൂടി അധികമായി കരുതിയിട്ടുണ്ട്.

നാളെ പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർധസർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് പൊതുഅവധി ആയിരിക്കും. മണ്ഡലത്തിന്റെ പരിധിയിൽ ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ സംരംഭങ്ങൾ, സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും വേതനത്തോടുകൂടിയ അവധിയായിരിക്കും. മറ്റിടങ്ങളിൽ ജോലി ചെയ്യുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ

സ്ഥിരതാമസക്കാരും വോട്ടർമാരുമായ കാഷ്വൽ ജീവനക്കാർ അടക്കമുള്ള ജീവനക്കാർക്കും വേതനത്തോടെയുള്ള അവധി ബാധകമാണ്.

പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾ കൈയിൽ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർക്കും തെരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാർക്കും മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: