തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ പഴയ വാട്ടർ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേത് എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. വാട്ടർ ടാങ്കിൽ നിന്ന് പാന്റ്, ഷർട്ട്, തൊപ്പി, ടൈ, കണ്ണട, ബാഗ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങി മരണമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിശദമായ അന്വേഷണത്തിൽ മാത്രമേ മരണകാരണം വ്യക്തമാകുള്ളൂ എന്നും പൊലീസ് പറയുന്നു.
ഇന്നലെ വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഫൊറൻസിക് സംഘം പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സാന്നിധ്യത്തിൽ വാട്ടർ ടാങ്കിൽ പരിശോധന നടത്തി മഹസർ തയ്യാറാക്കി. പരിശോധനയിലാണ് അസ്ഥികൂടം പുരുഷന്റേത് എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.
വാട്ടർ ടാങ്കിന്റെ മുകളിൽ നിന്ന് ടാങ്കിനുള്ളിലേക്ക് കഴുത്തിൽ കുരുക്കിട്ട് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ടാങ്കിൽ നിന്നും കയറും കുരുക്കും കണ്ടെത്തിയിട്ടുണ്ട്. കാലപഴക്കം കൊണ്ട് മൃതദേഹം അസ്ഥികൂടമായി താഴേക്ക് പതിച്ചതാകാമെന്നും പൊലീസ് പറയുന്നു. വിദഗ്ധമായ പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.
അസ്ഥി കൂടം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് കഴിഞ്ഞ കുറനാളുകളായി കാണാതായവരുടെ പട്ടിക തയ്യാറാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിൽ കാണാതായ കേസുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

