ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസിലെ സി.ബി.ഐ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിയത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയതിനെതിരായ സിബിഐ ഹർജിയും വിചാരണ നേരിടണമെന്ന ഹൈക്കോടി വിധിക്കെതിരായ മറ്റു
പ്രതികളുടെ ഹർജിയുമാണ് സുപ്രീംകോടതിയിലുള്ളത് . ഇന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേരള ഹൈകോടതിയിൽ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് ചൂണ്ടിക്കാണി ച്ച് ജസ്റ്റിസ് സി.ടി. രവികുമാർ പിന്മാറിയതിനെ തുടർന്നാണ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റമുക്തരാക്കിയ 2017ലെ ഹൈകോടതി വിധിക്കെതിരെയുള്ള സി.ബി.ഐയുടെ ഹർജിയും ഹൈകോടതി ഉത്തരവുപ്രകാരം വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ. ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുളളത്.