തിരുവനന്തപുരം: മകന്റെ മരണവാർത്ത അറിഞ്ഞ് മാതാവ് ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർകോണം അറഫയിൽ സുലൈമാന്റെ മകൻ സജിൻ മുഹമ്മദ് (28), മാതാവ് ഷീജ ബീഗമാണ് മരിച്ചത്. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലുണ്ടായ വാഹനാപകടത്തിലാണ് സജിൻ മുഹമ്മദ് മരിച്ചത്. മകന്റെ മരണവിവരം അറിഞ്ഞ ഷീജ ബീഗം കിണറ്റിൽ ചാടി മരിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് പൂക്കോട് ക്യാമ്പസിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചാണ് പിജി വിദ്യാർത്ഥിയായ സജിൻ മുഹമ്മദ് (28) മരിച്ചത്. എന്നാൽ മാതാവ് ഷീജ ബീഗത്തെ മരണവിവരം അറിയിക്കാതെ ബന്ധുക്കൾ ഇന്നലെ വൈകിട്ട് കഴക്കൂട്ടത്തെ ബന്ധുവീട്ടിൽ കൊണ്ടുവിട്ടശേഷം മൃതദേഹം കൊണ്ടുവരാനായി വയനാട്ടിലേക്കു പോയി.
രാത്രിയോടെ മകന്റെ മരണവാർത്ത സമൂഹമാധ്യമത്തിലൂടെ അറിഞ്ഞ ഷീജ, ബന്ധുവീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. വെള്ളൂർക്കോണം ഗവൺമെന്റ് എൽ പി എസ് അദ്ധ്യാപികയാണ് ഷീജ.ഭർത്താവ് റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. എംവിഎസ്‌സി അവസാനവർഷം വിദ്യാർത്ഥിയായിരുന്നു സജിൻ മുഹമ്മദ്.


