മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാറിലേക്ക് ലോറിയിടിച്ച് കയറി അപകടം. ഇന്നലെ രാത്രി പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ ഹൈവേയില്‍ വെച്ച് ദന്തന്‍പൂരിന് സമീപമാണ് അപകടം. ഗാംഗുലി ബര്‍ദ്വാനിലേക്ക് പോകുന്നതിനിടെ വാഹനവ്യൂഹത്തിലേക്ക് ലോറിയിടിച്ച് കയറുകയായിരുന്നു. താരം സഞ്ചരിച്ചിരുന്ന റേഞ്ച് റോവര്‍ കാറിലേക്ക് ലോറിയിടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ സമയോചിതമായി ഇടപെട്ട് വാഹനം പെട്ടെന്ന് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. പിന്നാലെ ഗാംഗുലിയുടെ കാറിന് പിന്നില്‍ വാഹനവ്യൂഹത്തിലെ മറ്റ് കാറുകളും വന്നിടിക്കുകയായിരുന്നു.
അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഗാംഗുലിയുടെ വാഹനവും ലോറിയും അമിതവേഗതയിൽ ആയിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വാഹനവ്യൂഹത്തിലുണ്ടായിരുന്ന രണ്ട് കാറുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. താരം സുരക്ഷിതനാണെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. അപകടശേഷം അദ്ദേഹം യാത്ര തുടർന്നു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള എല്ലാ പരിപാടികളിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം വസതിയിലേക്ക് മടങ്ങിയത്.
