ഇന്ത്യ ഉയർത്തിയ റൺ മല കീഴടക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ഏകദിനത്തിൽ 50 ഓവറിൽ ഇന്ത്യ ഉയർത്തിയ 358 എന്ന വലിയ ടോട്ടൽ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ നാല് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു
ഏയ്ഡൻ മാർക്രമിന്റെ വെടിക്കെട്ട് സെഞ്ച്വറിയും ഡെവാൾഡ് ബ്രെവിസ്, മാത്യു ബ്രീറ്റ്സ്കി എന്നിവരുടെ അർധ സെഞ്ച്വറികളുമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റൻ ടെമ്പ ബാവുമ 48 പന്തിൽ 46 റൺസ് നേടിയും മികച്ച സംഭാവന നൽകി.
98 പന്തിൽ നാല് സിക്‌സറും പത്ത് ഫോറുകളും അടക്കം 110 റൺസാണ് മാർക്രം നേടിയത്. ബ്രെവിസ് 34 പന്തിൽ അഞ്ചുസിക്സറുകളും ഒരു ഫോറുകളും അടക്കം 54 റൺസ് നേടി. ബ്രീറ്റ്സ്കി 64 പന്തിൽ അഞ്ചു ഫോറുകൾ അടക്കം 68 റൺസ് നേടി. കോർബിൻ ബോഷ് 29 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ നിരയിൽ അർഷ്ദീപ് സിങ്ങും പ്രസിദ് കൃഷ്‍ണയും രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും കന്നി ഏകദിന സെഞ്ച്വറി നേടിയ റുതുരാജ് ഗെയ്ക്‌വാദിന്‍റെയും ഒടുവിൽ കത്തികയറിയ കെ എൽ രാഹുലിന്റെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്.


