ലോക്കോ പൈലറ്റുമാർ ഇനിമുതൽ കരിക്കിൻ വെള്ളം കുടിക്കരുതെന്ന് ദക്ഷിണ റെയിൽവേ. ഹോമിയോ മരുന്നും ചിലയിനം പഴങ്ങൾ കഴിക്കുകയും ചെയ്യരുത് എന്നും ദക്ഷിണ റെയിൽവേ ഇറക്കിയ വിചിത്ര ഉത്തരവിൽ നിർദേശമുണ്ട്. ബ്രീത്ത് അനലൈസർ ടെസ്റ്റുമായി ബന്ധപ്പെട്ടാണ് ഈ നിർദേശം. ഉത്തരവിൽ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്‌റ്റാഫ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചു.
ലോക്കോ സ്റ്റാഫ് ഡ്യൂട്ടിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ബ്രീത്ത് അനലൈസർ പരിശോധനക്ക് വിധേയമാകണം എന്ന് നിർദേശമുണ്ട്. സമീപകാലത്തായി ഇത്തരം പരിശോധനയിൽ മദ്യത്തിന്‍റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയിരുന്നു. എന്നാൽ, പിടികൂടുന്നവരുടെ രക്ത സാമ്പിളുകൾ ലാബുകളിൽ പരിശോധിക്കുമ്പോൾ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താനും കഴിയുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാർ ഹോമിയോ മരുന്ന്, ശീതളപാനീയങ്ങൾ, കരിക്കിൻ വെള്ളം, ചില പഴങ്ങൾ കഴിക്കുന്നതാണ് ബീപ് സൗണ്ട് അടിക്കാൻ കാരണമെന്ന് റെയിൽവേ കണ്ടെത്തിയിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് ജീവനക്കാരെ ദ്രോഹിക്കുന്ന സർക്കുലറുമായി റെയിൽവേ രംഗത്ത് എത്തിയിരിക്കുന്നത്.