കോഴിക്കോട്: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ വഴി ചോർന്ന സംഭവത്തിൽ മുഖ്യ പ്രതിയും എം എസ് സൊല്യൂഷ്യൻസ് ഉടമയുമായ എം എസ് ഷൂഹൈബിനെ പോലീസ് ചോദ്യം ചെയ്തു. ചോദ്യങ്ങൾ തയ്യാറാക്കിയതിൽ തനിക്ക് പങ്കില്ലെന്ന് ഷുഹൈബ് പോലീസിനോട് പറഞ്ഞു.
ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നും ചോദ്യങ്ങള്‍ തയ്യാറാക്കിയത് നേരത്തെ അറസ്റ്റിലായ അധ്യാപകരാണെന്നും ഷുഹൈബ് പറഞ്ഞു. ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ തനിക്ക് പങ്കില്ല. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ പ്രവചനം മാത്രമാണ്. അതേ ചോദ്യങ്ങള്‍ ക്രിസ്മസ് പരീക്ഷയ്ക്ക് വന്നത് യാദൃശ്ചികമാണെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
എം എസ് സൊല്യൂഷ്യൻസ് ഉടമ എം എസ് ഷുഹൈബ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതായായിരുന്നു പരാതി. ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എംഎസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നതായി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ താത്ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു
