മോഡൽ പരീക്ഷ ഇന്നു തുടങ്ങാനിരിക്കെ എസ്.എസ്.എൽ.സി ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ല. ഇതേ തുടർന്ന് ഇന്നും നാളെയും നടക്കുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ഇന്നലെയും പല സ്കൂളുകളിലും എത്തിക്കാനായില്ല.
ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് ഇന്നുരാവിലെ 11.30ഓടെ ചോദ്യപേപ്പർ എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഉച്ചയ്ക്കുശേഷമാണ് പരീക്ഷ നടക്കുന്നത്. സാധാരണയായി പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പേ ചോദ്യപേപ്പർ സ്കൂളുകളിൽ എത്തിക്കാറുണ്ട്. അച്ചടി വൈകിയതാണ് കാരണം.
ഷൊർണൂരിലെ പ്രസിലാണ് എസ്.എസ്.എൽ.സി ചോദ്യപേപ്പറുകൾ അച്ചടിക്കുന്നത്. ബുധനാഴ്ച മുതലുള്ള പരീക്ഷയുടെ ചോദ്യപേപ്പറുകളുടെ അച്ചടി പുരോഗമിക്കുന്നതേയുള്ളൂ. ഇന്ന് ഉച്ചകഴിഞ്ഞ് പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം.
ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുന്ന ചോദ്യപേപ്പർ അവിടെ നിന്നാണ് സ്കൂളുകളിൽ വിതരണം ചെയ്യുന്നത്.
പൊതുപരീക്ഷയുടെ അതേ രഹസ്യസ്വഭാവം മോഡലിലും അച്ചടിക്കാര്യത്തിൽ ഉൾപ്പെടെ പാലിക്കാറുണ്ട്.
21നാണ് മോഡൽ പരീക്ഷ തീരുന്നത്. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് പൊതുപരീക്ഷ.
അതേസമയം, ചോദ്യപേപ്പർ എല്ലാ ജില്ലയിലും വിതരണം ചെയ്തിട്ടുണ്ടെന്ന് പരീക്ഷാഭവൻ അറിയിച്ചു.
ഓരോ വിഷയത്തിനും സ്പെയറായി നൽകുന്ന 20 ശതമാനം ചോദ്യപേപ്പറിന്റെ വിതരണം മാത്രമേ പൂർത്തിയാകാനുള്ളൂ. ബുധനാഴ്ച മുതൽ നടക്കുന്ന പരീക്ഷകളുടെ സ്പെയർ ചോദ്യപേപ്പറുകളുടെ വിതരണം ഇന്ന് വൈകിട്ടോടെ പൂർത്തിയാകുമെന്നും അറിയിച്ചു.
