അതിഥി തൊഴിലാളി രജിസ്ട്രേഷന് തുടക്കം; പേര് വിവരങ്ങൾ നൽകിയത് 5706 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അതിഥിതൊഴിലാളികളെയും തൊഴിൽവകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന നടപടികൾക്ക് തുടക്കമായി. 5706 തൊഴിലാളികളാണ് അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇനി വരും ദിവസങ്ങളിൽ രജിസ്‌ട്രേഷൻ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് ലേബർ കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ മറ്റു വകുപ്പുകളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായം തേടുമെന്നും കമ്മിഷണർ വ്യക്തമാക്കി.

തിരുവനന്തപുരത്തെ നിർമ്മാണസ്ഥലത്ത് സംഘടിപ്പിച്ച രജിസ്‌ട്രേഷൻ ക്യാമ്പ് സന്ദർശിച്ചുകൊണ്ടാണ് കമ്മിഷണർ ഇക്കാര്യം വ്യക്തമാക്കിയത്.
അതിഥിതൊഴിലാളി രജിസ്ട്രേഷൻ കൂടുതൽ എളുപ്പമാക്കാൻ രൂപകൽപന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. അതിഥി ആപ്പ് നിലവിൽ വരുന്നതോടെ ക്യാമ്പുകളും നിർമ്മാണസ്ഥലങ്ങൾക്കും തൊഴിൽ വകുപ്പ് ഓഫീസുകൾക്കും പുറമേ ഓരോ അതിഥിതൊഴിലാളിയിലേക്കും നേരിട്ടെത്തുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുകയെന്നും കമ്മിഷണർ പറഞ്ഞു. അതിഥിപോർട്ടൽ രജിസ്‌ട്രേഷനോട് തൊഴിലാളികളും തൊഴിലുടമകളും കരാറുകാരും ക്രിയാത്മക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.

അതേസമയം അതിഥിതൊഴിലാളികൾക്കും , അവരുടെ കരാറുകാർ,തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം. athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദ്ദേശങ്ങൾ ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻട്രോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: