തിരുവനന്തപുരം: കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് (nPROUD: New Programme for Removal of Unused Drugs) എന്ന പേരിൽ ഒരു പദ്ധതി ആവിഷ്ക്കരിക്കുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഉപയോഗ ശൂന്യമായ മരുന്നുകൾ വീട്ടിൽ നിന്നും ശേഖരിച്ച് കൊണ്ടു പോകുകയോ നിശ്ചിത സ്ഥലങ്ങളിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ തലത്തിൽ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉല്ലേരി പഞ്ചായത്തിലുമാണ് ഇത് ആദ്യമായി നടപ്പിലാക്കുന്നത്. തുടർന്ന് ഈ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാലഹരണപെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാൻ പാടില്ല. ഇതിലൂടെ ആൻ്റിമൈക്രോബിയൽ പ്രതിരോധത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. ഇത്തരം ഔഷധങ്ങൾ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങളൊന്നും നിലവിലില്ലാത്തതിനാലാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഇതേറ്റെടുത്ത് നടപ്പിലാക്കുന്നത്.
