കേരള സ്കൂൾ കായികമേള അത്ലറ്റിക്സിൽ പാലക്കാടൻ കോട്ട തകർത്ത് മലപ്പുറം ചാമ്പ്യന്മാർ. 245 പോയിന്റുമായി മലപ്പുറം കന്നികിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് ആയിരുന്നു ചാമ്പ്യന്മാർ. 213 പോയിന്റ് ഉള്ള പാലക്കാടാണ് രണ്ടാമത്. 73 പോയിന്റുമായി എറണാകുളം മൂന്നാമതെത്തി. മലപ്പുറം ചരിത്രത്തിൽ ആദ്യമായിട്ടാണ് അത്ലറ്റിക്സ് കിരീടം നേടുന്നത്.
1935 പോയിന്റുമായി തിരുവനന്തപുരമാണ് ഓവറോൾ ചാമ്പ്യന്മാർ. 848 പോയിന്റുകൾ നേടി തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനം നേടിയത്. 824 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തിന് അർഹരായി. നേരത്തെ, ഗെയിംസ് വിഭാഗത്തിൽ 1,213 പോയിൻ്റുമായി തിരുവനന്തപുരം കിരീടം നേടിയിരുന്നു. മേളയിലെ അത്ലറ്റിക്സ് ആൻഡ് ഗെയിംസ് വിഭാഗങ്ങളിൽ തിരുവനന്തപുരം ജില്ല മറ്റ് ജില്ലകളെ അപേക്ഷിച്ച് ബഹുദൂരം മുമ്പിലായിരുന്നു.
80 പോയിന്റുമായി മലപ്പുറം ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളാണ് ചാമ്പ്യന്മാർ.44 പോയിന്റുമായി മലപ്പുറം നാവാമുകുന്ദ തിരുനാവായ സ്കൂൾ രണ്ടാമതും 43 പോയിന്റുമായി എറണാകുളം മാർ ബേസിൽ കോതമംഗലം മൂന്നാം സ്ഥാനത്തുമാണ്.
അതേസമയം, അടുത്ത കായിക മേളയുടെ വേദി തിരുവനന്തപുരമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കായികതാരങ്ങൾക്കുള്ള സമ്മാന തുക വർധിപ്പിക്കുമെന്നും കായിക അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒളിമ്പിക്സ് മാതൃകയിൽ കായികമേള സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കായിക താരങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മേളയായി ഇതിനെ പരിഗണിക്കാം.ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കാനുള്ള കേരളത്തിൻ്റെ ശ്രമത്തിന് ഇൻക്ളൂസീവ്സ് സ്പോർട്സ് കരുത്താവും. കേരളത്തിന് നഷ്ടപ്പെട്ട കായിക പ്രൗഡി തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
