സംസ്ഥാന സെക്രട്ടറി ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റ്: സിപിഐ സമ്മേളനത്തിൽ ബിനോയ് വിശ്വത്തിന് വിമർശനം







ആലപ്പുഴ: ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റെന്ന് ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം. സംസ്ഥാന സെക്രട്ടറി ഒരേ വിഷയത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വ്യത്യസ്ത അഭിപ്രായം പറയുന്നതായും വിമർശനം ഉയർന്നു. കണ്ണൂർ ജില്ലാ കൗൺസിൽ പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി പറയുന്നത് പലപ്പോഴും മനസ്സിലാവുന്നില്ലെന്ന് കോട്ടയത്ത് നിന്നുള്ള പ്രതിനിധിയും വിമർശനം ഉന്നയിച്ചു.

സിപിഐയിൽ താഴേത്തട്ടിൽ വിഭാഗീയത ഇല്ലെന്നും മുകൾത്തട്ടിലാണ് വിഭാഗീയതയെന്നും അത് ചെയ്യുന്നത് സംസ്ഥാന നേതൃത്വമാണെന്നും വിമർശനം ഉയർന്നു. മൂന്ന് വർഷത്തിനിടയിൽ കേവലം 11 തവണ മാത്രമാണ് സംസ്ഥാന കൗൺസിൽ കൂടിയതെന്ന വിമർശനവും ഉയർന്നു. കൗൺസിലിൻ്റെ അധികാരം മുഴുവൻ എക്സിക്യൂട്ടീവ് കവർന്നെടുക്കുകയാണ്. മന്ത്രിമാരെല്ലാം സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗങ്ങളാണ്. ആ നിലയ്ക്കുള്ള സംഘടനാ ചുമതലകൾ അവർ നിറവേറ്റിയിട്ടില്ല. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ബാധ്യതയുള്ള പാർട്ടി നേതൃത്വം അതിന് തയ്യാറായിട്ടില്ല എന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. പാർട്ടി കമ്മിറ്റികൾ സമ്പൂർണ പരാജയമാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.


സമ്മേളന റിപ്പോർട്ടിനെതിരെയും പ്രതിനിധികളുടെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ആഭ്യന്തര വകുപ്പിനെ റിപ്പോർട്ടിൽ വെള്ളപൂശിയെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്. റിപ്പോർട്ട് എഴുതിയത് ആരാണെന്നും പ്രതിനിധികൾ ചോദിച്ചു. അഭ്യന്തര വകുപ്പ് സർക്കാരിന് കളങ്കമാണെന്നും പൊലീസിനെ നിലയ്ക്ക് നിർത്താൻ ആകുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. പൊലീസ് സർക്കാരിൻ്റെ ശോഭ കെടുത്തുന്നുവെന്നും വിമർശനം ഉയർന്നു. മൂന്നാം ഭരണത്തിന് വിഘാതം ആകുന്നത് പൊലീസ് ഭരണമാണെന്നും മൂന്നാമതും തുടർഭരണം കിട്ടുന്നില്ലെങ്കിൽ അതിന്റെ കാരണക്കാർ പോലീസ് ഭരണമായിരിക്കുമെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

യുഡിഎഫിന്റെയും ബിജെപിയുടെയും താൽപര്യം സംരക്ഷിക്കുന്നവർ പൊലീസിൽ ഉണ്ട്. ഐപിഎസ് മുതൽ താഴെത്തട്ട് വരെ അത്തരം ഉദ്യോഗസ്ഥർ ഉണ്ട്. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. പൊലീസ് ചെയ്യുന്നത് നാട്ടുകാർ കാണുന്നുണ്ടെന്നും എന്നിട്ടും ആഭ്യന്തര വകുപ്പിനെ വെള്ളപൂശി എന്നുമായിരുന്നു വിമർശനം. എന്തിനാണ് പൊലീസിനെ ഇങ്ങനെ പിന്തുണക്കുന്നതെന്നും പ്രതിനിധികൾ ചോദിച്ചു. മലപ്പുറം, തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് പൊലീസിനെ വെള്ളപൂശിയ റിപ്പോ‍ർട്ടിനെതിരെ രംഗത്തുവന്നത്.

സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്ക് ധനവകുപ്പ് പണം അനുവദിക്കുന്നില്ലെന്നും വിമർശനം ഉയർന്നു. ഫണ്ട് ചോദിച്ചു വാങ്ങണം. മന്ത്രിമാർക്ക് മാത്രമായി അതിന് സാധിക്കില്ല. നേതൃത്വം ഇടപെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമത്തിനെതിരെയും പ്രതിനിധികൾ രംഗത്തെത്തി. അയ്യപ്പ സംഗമവും ലോക കേരള സഭയും ഇടതു നയവ്യതിയാനത്തിൻ്റെ ഭാഗമാണെന്നായിരുന്നു വിമർശനം. ആരാണ് ഈ പൗരപ്രമുഖരെന്ന ചോദ്യവും പ്രതിനിധികൾ ഉയർത്തി. പൗരപ്രമുഖരെ കാണുന്ന രീതി ഇടതു നയമല്ലെന്നും സമ്പന്ന വിഭാഗമാണ് പൗരപ്രമുഖർ എന്നും വിമർശനം ഉയർന്നു. പുതിയ കാലത്തെ ജന്മികളാണ് പൗരപ്രമുഖരെന്നും ഇടതുപക്ഷം പ്രതിധാനം ചെയ്യേണ്ടത് സാധാരണക്കാരെയാണെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: