തിരുവനന്തപുരം: ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ. ശ്രീകാര്യം ഗവ. എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി വനിത ഹോസ്റ്റലില്‍ നിന്ന് ലഭിച്ച ഭക്ഷണത്തില്‍ പഴുതാരയെയും കണ്ടെത്തിയിരുന്നു. ഇതൊരു സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. ഭക്ഷണത്തിന് തീരെ വൃത്തിയില്ല, അതേപോലെ തീര്‍ത്തും വൃത്തിഹീനമായ അവസ്ഥയിലാണ് ഹോസ്റ്റല്‍ മെസ്സുള്ളത്.
ഇതേതുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വനിത ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് പ്രിന്‍സിപ്പാലിനെതിരെ പ്രതിഷേധിച്ചത്. ഹോസ്റ്റല്‍ സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ 10 മീറ്റര്‍ പോലും ദൂരം ഇല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പരിശോധന നടത്താന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കാലങ്ങളായി ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഹോസ്റ്റലിന്റെ മേല്‍ക്കൂര ഉള്‍പ്പടെ പൊട്ടി തുടങ്ങിയ നിലയിലാണ്.
കൂടാതെ മെസ്സിന്റെ അടുക്കള തീരെ വൃത്തിയില്ലാത്ത നിലയിലാണ്. പട്ടിയും പൂച്ചയും എല്ലാം കാണും അവിടെ. ചിലപ്പോൾ ഭക്ഷണത്തിൽ നിന്ന് ചെറിയ പ്രാണികളെ കിട്ടാറുണ്ട്. അതേസമയം കഴിഞ്ഞയാഴ്ച ക്ലാസ് മുറിയിലെ സീലിംഗ് അടര്‍ന്നുവീട്ടിരുന്നു. ക്ലാസ് നടക്കാത്തതിനാല്‍ അന്ന് വലിയ അപകടമാണ് ഒഴിവായത്. ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറേക്കാലമായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. വെള്ളം ലഭിക്കാത്തതടക്കം പ്രശ്നങ്ങൾ തങ്ങൾ നേരിടുന്നുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
