ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നീക്കം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എന്‍സിഇആര്‍ടി. പ്രത്യേക പാഠഭാഗമായി ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. പാഠഭാഗം തയാറാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. സൈനിക നീക്കത്തിന് പുറമെ എങ്ങനെയാണ് രാജ്യങ്ങള്‍ അതിര്‍ത്തിഭീഷണികളെ നേരിടുക, ഇത്തരം സമയങ്ങളിലെ നയതന്ത്രം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയവയും ഉള്‍പ്പെടും
ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് 7ന് പാകിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നല്‍കിയ പേര്.
ബഹവല്‍പൂര്‍, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജെയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്‌കെയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു.
